18 January 2016

കാക്ക കറുത്തു പോയ കഥ

മൂങ്ങയും കാക്കയും ഉറ്റ ചങ്ങാതിമാരായിരുന്നു.ചങ്ങാതിമാരായാൽ കൊടുക്കലും വാങ്ങലും ഒക്കെയുണ്ടാവുമല്ലോ .ഒരു ദിവസം കാക്ക ഒരു പുതിയ ഉടുപ്പ് തയ്പ്പിച്ചു ആ ഉടുപ്പിനു കറുത്ത പുള്ളിയും വെളുത്ത പുള്ളിയും ഉണ്ടായിരുന്നു.കാക്ക ഉടുപ്പും കൊണ്ട് മൂങ്ങയുടെ വീട്ടില് ചെന്നു  മൂങ്ങയെ വിളിച്ചു.
"മൂങ്ങ ചേച്ചീ ദേണ്ടെയൊരു പുള്ളിയുടുപ്പ് "
മൂങ്ങക്ക് സന്തോഷമായി.
"കൊള്ളാം നല്ലൊരു പുള്ളിയുടുപ്പ് "
മൂങ്ങ പുള്ളിയുടുപ്പിട്ടു സന്തോഷത്തോടെ മൂ മൂ എന്ന് പാടി .
 കാക്കക്ക് പകരം എന്തേലും കൊടുക്കണ്ടേ.വെറുതെ പകരം എന്തേലും കൊടുത്താൽ പോരല്ലോ.ഇങ്ങോട്ട് തന്നതിനേക്കാൾ കൂടുതൽ കൊടുക്കണ്ടേ.പകരമായി കാക്കയ്ക്ക് മൂങ്ങ തിമിംഗലത്തിന്റെ എല്ലുകൊണ്ടുള്ള ഒരു ജോഡി മെതിയടിയും ഒരു വെള്ള ഉടുപ്പും കൊടുത്തു.
 ചെരിപ്പിടാൻ ചെന്നപോൾ  കാക്ക ഒന്ന് തുള്ളി ഉടുപ്പിടാൻ ചെന്നപോൾ  ഒന്ന് കുലുങ്ങി.ഇതൊക്കെ കണ്ടപ്പോൾ  മൂങ്ങക്ക് കലിവന്നു.ചെരിപ്പും ഇടാൻ കഴിഞ്ഞില്ല ഉടുപ്പും ഇടാൻ കഴിഞ്ഞില്ല.
ഒരു അടക്കവും ഒതുക്കവും ഇല്ലാതെ ഇങ്ങനെ തുള്ളിചാടുന്നത് ശരിയാണോ.
പലതവണ നോക്കിയിട്ടും ഒരിടത്തിരിക്കാതെ ചാടികളിക്കുന്ന കാക്കയ്ക്ക് ചെരിപ്പും ഉടുപ്പും ഇട്ടു കൊടുക്കാൻ മൂങ്ങയ്ക്ക് കഴിഞ്ഞില്ല.
ദേഷ്യം വന്ന മൂങ്ങ അടുത്തിരുന്ന ഒരു തിമിംഗലവിളിക്കെടുത്തു.അതു നിറയെ തിമിംഗലത്തിന്റെ എണ്ണയായിരുന്നു.വിലക്ക് തുറന്നു ആ കറുത്ത എണ്ണ  മുഴുവൻ മൂങ്ങ കാക്കയുടെ ശരീരത്തിൽ ഒഴിച്ചു.
കാക്ക ക്രോ ക്രോ എന്ന് കരഞ്ഞു പോയി.കാക്ക ആകെ കറുത്ത് പോയി....
അതോടെ  കാക്ക കരിപോലെ കറുത്ത് പോയി.പിന്നീട് ഇതുവരെ കാക്ക വെളുത്തിട്ടില്ല.  

22 December 2011

എന്റെ കല്യാണം...

  പ്രിയ കൂട്ടുകാരെ.....അടുത്ത മാസം ഒന്നിന്(ജനുവരി) എന്റെ കല്യാണമാണ്.ഇനി ഇവിടെ ഞാനുണ്ടാവില്ല. ഇത് ഈ ബ്ലോഗിലുള്ള എന്റെ ലാസ്റ്റ്‌ പോസ്റ്റ്‌ ആണ്.ഇവിടെ എന്റെ കഥകള്‍ വായിക്കുകയും ആത്മാര്‍ഥതയോടെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത എന്റെ നല്ലവരായ ചേട്ടന്‍മാര്‍ക്കും ഇക്കമാര്‍ക്കും ചെച്ചിമാര്‍ക്കും ഇതാമാര്‍ക്കും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു....നിങ്ങളെയൊക്കെ എന്നും ഞാന്‍ ഓര്‍മിക്കും....നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയും അനുഗ്രഹം ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.....

9 December 2011

ദുര്‍മന്ത്രവാദിയും രാജകുമാരിയും

പണ്ട് പണ്ട് ഒരു രാജ്യത്തു വളരെ സുന്ദരിയായ ഒരു രാജകുമാരി ഉണ്ടായിരുന്നു.രാജകുമാരിയുടെ അത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടി രാജ്യത്തിനകത്തോ പുറത്തോ ഉണ്ടായിരുന്നില്ല. സൗന്ദര്യത്തില്‍ ചുറ്റുമുള്ള എല്ലാ പെണ്‍കുട്ടികളെയും അവള്‍ കടത്തി വെട്ടി.ഉയര്‍ന്നു മെലിഞ്ഞവള്‍ ആയിരുന്നു അവള്‍.അവളുടെ സ്വര്‍ണ്ണത്തലമുടി അരക്കെട്ടോളം ചുരുണ്ട് കിടന്നിരുന്നു.എന്ന് മാത്രമല്ല വളരെ തിളക്കമുള്ളതും ആയിരുന്നു.വെളുത്ത നിറം അവളുടെ സൗന്ദര്യത്തിന് ഒരു ശാലീനത നല്‍കിയിരുന്നു.അവള്‍ നടക്കുമ്പോള്‍ കാഴ്ച്ചകാര്‍ക്ക് കുളത്തില്‍ അരയന്നം നീന്തുന്നതുപോലെ തോന്നുമായിരുന്നു.അവളുടെ സൗന്ദര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലപിടിച്ച അവളുടെ വസ്ത്രങ്ങള്‍ ഒന്നുമായിരുന്നില്ല.രാജ്യത്തിലെ എല്ലാ യുവാക്കളുടെയും സ്വപ്നമായിരുന്നുഅവള്‍.

ഒരിക്കല്‍ രാജകുമാരി പൂന്തോട്ടത്തില്‍ ഉലാത്തുകയായിരുന്നു.ആ വൈകുന്നേരം അവള്‍ ഒറ്റക്കായിരുന്നു.സ്വകാര്യതയില്‍നിന്നും തോഴിമാരെ മാറ്റിനിറുത്തുന്ന കാര്യത്തില്‍ വളരെ പ്രത്യേകതയുള്ളവളായിരുന്നു.അവള്‍ പൂന്തോട്ടത്തില്‍ നില്‍ക്കുന്ന സമയം ഒരു മന്ത്രവാദി അവളെ കാണുവാനിടയായി.അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോയ അയാള്‍ അവളെ തട്ടിക്കൊണ്ടുപോകുവാന്‍ തീരുമാനിച്ചു.അയാള്‍ പൂന്തോട്ടത്തിന്‍റെ ചുറ്റുമതില്‍ ചാടിക്കടന്ന് രാജകുമാരിയുടെ മേലില്‍ ഏതോ മാന്ത്രികപ്പൊടി വിതറി.ഉടന്‍തന്നെ അവള്‍ ഒരു മുയലായിമാറി. അയാള്‍ അതിനെ ചെവിയില്‍ തൂക്കിയെടുത്ത് ഒരു തുണിസഞ്ചിയില്‍ ഇട്ട് അവിടെനിന്നും വളരെ വേഗം നടന്നുപോയി.

മകളുടെ നഷ്ടത്തില്‍ രാജാവ് അത്യധികം ദുഖിതനായിത്തീ൪ന്നു.രാജകുമാരിയെ അന്വേഷിച്ചു അദ്ദേഹത്തിന്‍റെ ആളുകള്‍ രാജ്യത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും അലഞ്ഞുനടന്നു.പക്ഷേ എല്ലാ ശ്രമവും നിര൪ത്ഥകമായിരുന്നു.ഒടുവില്‍ അവളെ കണ്ടെത്തുന്ന ആളിന്‌ അവളെ വിവാഹം ചെയ്തുകൊടുക്കും എന്ന് രാജാവ് ഒരു വിളംബരം ചെയ്തു. അതോടൊപ്പംതന്നെ രാജ്യത്തിന്‍റെ പകുതിയും അദ്ദേഹം വാഗ്ദാനം ചെയ്തു.ധാരാളം യുവാക്കള്‍ രാജകുമാരിയെ വിവാഹം ചെയ്യാം എന്ന മോഹവുമായി മുന്നോട്ടു വന്നു.എന്നാല്‍ അവരെല്ലാവരും അവളെ കണ്ടെത്തുന്ന കാര്യത്തില്‍ പരാജയപ്പെടുകയും ചെയ്തു.

രാജകുമാരിയുടെ തിരോധാനത്തെപ്പറ്റി അയല്‍ രാജ്യത്തെ രാജകുമാരന്‍ അറിയാനിടയായി.ഒരു വെള്ളക്കുതിരയെ ഓടിച്ച് അയാള്‍ കൊട്ടാരത്തിലെത്തി.അയാള്‍ക്ക്‌ രാജാവില്‍നിന്നും അനുമതി ലഭിക്കുകയും, കുതിരയെ ഓടിച്ച് പോകുകയും ചെയ്തു.
ഇരുട്ടിയപ്പോള്‍, രാജകുമാരന്‍ ഒരു കാട്ടിലെത്തിച്ചേര്‍ന്നു.ആ സ്ഥലത്തിനടുത്തെവിടെയെങ്കിലും വിശ്രമിക്കാമെന്ന് അയാള്‍ കരുതി.ഒരു വലിയ കുന്നിന്‍റെ ചുവട്ടില്‍ അയാള്‍ ഒരു ചെറിയ ഗുഹ കണ്ടു.അയാള്‍ ഗുഹയിലേക്ക് കുതിരയെ തെളിച്ചു.കുതിരപ്പുറത്തുനിന്നും രാജകുമാരന്‍ താഴെയിറങ്ങി, കൈയില്‍ ഒരു പന്തം പിടിച്ചുകൊണ്ട് ആ ഗുഹയുടെ ഉള്ളിലേക്ക് അയാള്‍ നടന്നു.ഗുഹയുടെ ഇരുവശങ്ങളിലും അറകള്‍കണ്ട്‌ അയാള്‍ അത്ഭുതപെട്ടു.കൂടുതല്‍ കൂടുതല്‍ അയാള്‍ ഉള്ളിലേക്ക് പോയി.ഒടുവില്‍ അയാള്‍ അവസാനത്തെ അറയെ സമീപിച്ചു.അതിനുള്ളിലേക്ക്‌ എത്തി നോക്കിയപ്പോള്‍ അയാളോട് ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ഓടി പൊയ് ‌ക്കൊള്ളുവാന്‍ ആ മുയല്‍ പറഞ്ഞു.അല്ലായെങ്കില്‍ ദുര്‍മന്ത്രവാദി അയാളെ കൊല്ലുമെന്നും പറഞ്ഞു.അത് രാജകുമാരിയാണെന്നും, എന്താണ് സംഭവിച്ചതെന്നും പറഞ്ഞു.

ദുര്‍മന്ത്രവാദിയുടെ ജീവന്‍ ഏഴ് മലകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന ഒരു വിശിഷ്ട ആപ്പിളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും, അതിനാല്‍ അയാളെ കൊല്ലുക എളുപ്പമല്ലെന്നും രാജകുമാരി പറഞ്ഞു. എന്നാല്‍ രാജകുമാരന്‍ അയാളുടെ തീരുമാനത്തില്‍ വളരെ സുദൃഢനായിരുന്നതുകൊണ്ട് ആ ആപ്പിള്‍ അന്വേഷിച്ചു പുറപ്പെട്ടു.ഒടുവില്‍, ധാരാളം വിഷമതകളെ തരണം ചെയ്ത് ആപ്പിള്‍ മരം അയാള്‍ കണ്ടെത്തുകയും, ആപ്പിള്‍ പാറിച്ചെടുക്കുകയും ചെയ്തു.അയാള്‍ അതിനെ ഗുഹയില്‍ കൊണ്ടുവന്ന്‌ മന്ത്രവാദിയുടെ സാന്നിദ്ധ്യത്തില്‍ പൊട്ടിച്ചു.അപ്പോള്‍ തന്നെ നീചനായ ആ മന്ത്രവാദി മരിച്ചുവീണു.രാജകുമാരന്‍ ആ അറയില്‍നിന്നും രക്ഷപ്പെടുത്തുകയും, മന്ത്രവാദി മരിച്ചപ്പോള്‍ അവള്‍ക്കു അവളുടെ യദാര്‍ത്ഥ രൂപം തിരിച്ചു കിട്ടുകയും ചെയ്തു.ഒരുമിച്ച് അവര്‍ കൊട്ടാരത്തിലേക്ക് തിരിച്ചെത്തുകയും, രാജാവ് തന്‍റെ വാക്ക് പാലിക്കുകയും ചെയ്തു.

19 September 2011

അഹങ്കാരിയുടെ അന്ത്യം

പണ്ടൊരിക്കല്‍ ഗ്രീസിലെ ഒരു ഗ്രാമത്തില്‍ ഒരു കൂലിവേലക്കാരന്‍ ജീവിച്ചിരുന്നു. കര്‍ഷകരുടെ പാടങ്ങളില്‍ ജോലി ചെയ്താണ് അയാള്‍ ജീവിച്ചിരുന്നത്. അയാള്‍ക്ക് യൂനിസ്‌ എന്നു പേരുള്ള ഒരു കൊച്ചു മകനുണ്ടായിരുന്നു. ഒരു രാജകുമാരനെ പോലെ അവനെ വളര്‍ത്തണമെന്ന് അയാള്‍ ആഗ്രഹിച്ചെങ്കിലും കിട്ടുന്ന ചെറിയ കൂലി കൊണ്ട് പലപ്പോഴും അയാള്‍ക്ക് അതിന് സാധിച്ചില്ല. എങ്കിലും തന്നാലാകുന്ന വിധം നല്ല ഭക്ഷണവും വസ്ത്രവുമൊക്കെ നല്‍കി അയാള്‍ അവനെ വളര്‍ത്തി.

കാലങ്ങള്‍ മാറിമാറി വന്നു. നിരന്തരമായ അദ്ധ്വാനം മൂലം കൂലിവേലക്കാരന്‍ ക്ഷീണിച്ചു രോഗിയായി മാറി. ഒരു ദിവസം ജോലിക്ക് പോകാന്‍ കഴിയാതെ അയാള്‍ കിടപ്പിലുമായി. അപ്പോഴേക്കും യൂനിസ്‌ യുവത്വത്തിലേക്ക് കടന്നിരുന്നു. കുടുംബം പുലര്‍ത്താന്‍ അവന്‍ ജോലി അന്വേഷിച്ചു. നല്ലൊരു ഗുസ്തിക്കാരന്‍ ആകുക എന്നതായിരുന്നു അവന്‍റെ ജീവിതാഭിലാഷം. പക്ഷെ ഒരു തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള അവന് അന്നത്തെ നിയമം അത് വിലക്കിയിരുന്നു.

വിറക് വില്‍പനയാണ് യൂനിസ്‌ തന്‍റെ ഉപജീവന മാര്‍ഗമായി സ്വീകരിച്ചത്. എല്ലാ ദിവസവും രാവിലെ അവ൯ കാട്ടില്‍ പോയി വിറക് ശേഖരിച്ച് അത് ചുമന്ന് ചന്തയില്‍ കൊണ്ടുവന്ന് വില്‍പന നടത്തി. വിറക് വില്‍പനയോടൊപ്പം കാട്ടില്‍ വെച്ച് അവന്‍ സ്വന്തമായി ഗുസ്തി പരിശീലനവും നടത്തിയിരുന്നു. അദ്ധ്വാനമുള്ള ജോലിയും നല്ല ഭക്ഷണവും പരിശീലനവും മൂലം യൂനിസിന് വളരെ ബലവത്തായ ഒരു ശരീരമുണ്ടായി. അതോടൊപ്പം അവന്‍ ഒന്നാന്തരം ഒരു ഗുസ്തിക്കാരനുമായി. തന്‍റെ ശരീര ഘടനയിലും ശക്തിയിലും യൂനിസിന് അമിതമായ മതിപ്പും അഹങ്കാരവും തോന്നാന്‍ തുടങ്ങി.

ഒരിക്കല്‍ യൂനിസ് ഒളിമ്പിക്സിനെ പറ്റി അറിയാ൯ ഇടയായി. ഒളിമ്പിക്സിലെ ഗുസ്തി മല്‍സരത്തില്‍ ഒരു കൈ നോക്കാന്‍ അവന് അതിയായ ആഗ്രഹം തോന്നി. ഒരു തൊഴിലാളിക്ക് അത് വിലക്കപ്പെട്ടതായിരുന്നെങ്കിലും രാജാവിന്‍റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിന്‍റെ എല്ലാ ഗുസ്തിക്കാരെയും അവന്‍ വെല്ലുവിളിച്ചു. എല്ലാവരെയും തോല്‍പ്പിച്ച് അവന്‍ രാജാവിന് തന്‍റെ ശക്തി തെളിയിച്ചു കൊടുത്തു. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ രാജാവ് അവന് അനുവാദം നല്‍കുകയും ചെയ്തു. ഒളിമ്പിക്സില്‍ പങ്കെടുത്ത യൂനിസ് അവന്‍റെ എതിരാളികളെയെല്ലാം പരാജയപ്പെടുത്തി. ഓരോ വിജയങ്ങളും അവന്‍റെ അഹങ്കാരം വര്‍ദ്ധിപ്പിച്ചു.

ഗുസ്തിക്ക് പുറമെ യൂനിസ്‌ കാളപ്പോരിലും പങ്കെടുക്കാന്‍ തുടങ്ങി. ഗുസ്തിക്കാരെ പരാജയപ്പെടുത്തുന്ന പോലെ അവന്‍ കാളകളെയും പരാജയപ്പെടുത്തി. കാളയെ തോല്‍പ്പിക്കുന്നതില്‍ മാത്രം യൂനിസ്‌ നിര്‍ത്തിയില്ല. തോല്‍പ്പിച്ച കാളകളെ തന്‍റെ കൈക്കരുത്തു കൊണ്ട് അവന്‍ ക്രൂരമായി കൊല്ലുകയും അവയുടെ ശരീരം വലിച്ചു കീറി മത്സരക്കളത്തില്‍ വെച്ച് തന്നെ കാളമാംസം ഭക്ഷിക്കുകയും ചെയ്തു. ഇതു കണ്ട ചില ജ്ഞാനികള്‍ക്ക് വെറുപ്പു തോന്നിയെങ്കിലും ഭൂരിഭാഗം കാണികളും അവന്‍റെ ശക്തിയില്‍ അത്ഭുതപ്പെട്ട് കരഘോഷം മുഴക്കി.

ജനങ്ങളുടെ പ്രോല്‍സാഹനവും തുടര്‍ച്ചയായ വിജയങ്ങളും യൂനിസിനെ ഒരു തികഞ്ഞ അഹങ്കാരിയും ധിക്കാരിയുമാക്കി. അവന്‍ നാട്ടുകാരെ പോരിനു വെല്ലുവിളിക്കാനും അതിനു സന്നദ്ധമാകാത്തവരുടെ മെക്കിട്ടു കേറാനും തുടങ്ങി. നാട്ടുകാര്‍ക്ക് അവനൊരു പേടി സ്വപ്നമായി മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. നാള്‍ ചെല്ലുന്തോറും യൂനിസിന്‍റെ അക്രമം വര്‍ദ്ധിക്കുകയും അവന്‍ തന്‍റെ വെറും കൈകൊണ്ട് തന്നെ ചിലരെ കൊലപ്പെടുത്തുകയും ചെയ്തു. നാട്ടുകാര്‍ അവനെക്കൊണ്ട് പൊറുതിമുട്ടി. ഒരുകാലത്ത് അവനെ സ്നേഹിച്ചിരുന്ന ജനങ്ങള്‍ അവന്‍റെ ശത്രുക്കളാകുകയും അവന്‍റെ അന്ത്യം കാണാ൯ ആഗ്രഹിക്കുകയും ചെയ്തു.

ഒരു ദിവസം യൂനിസ് കാട്ടിലൂടെ നടക്കുകയായിരുന്നു. ഒരിടത്ത് പകുതി മുറിക്കപ്പെട്ട ഒരു മരം നില്‍ക്കുന്നത് അവ൯ കണ്ടു. ആ മരത്തിന്‍റെ പിളര്‍പ്പില്‍ ഒരു ആപ്പ് കയറ്റി വെക്കപ്പെട്ടിരുന്നു. അത് കണ്ടപ്പോള്‍ അവന് കൌതുകം തോന്നി. ഒറ്റയിടിക്ക് ആ ആപ്പ് തെറിപ്പിച്ചു കളയാന്‍ അവന് തോന്നി. വളരെ ശക്തമായി അവ൯ ആപ്പിന്മേല്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആപ്പ് തെറിച്ചു പോയി. പക്ഷെ ആപ്പിനു പകരം യൂനിസിന്‍റെ കൈ മരത്തിന്‍റെ പിളര്‍പ്പില്‍ അകപ്പെട്ടു. വേദന കൊണ്ട് അവന്‍ നിലവിളിച്ചു. ഒരു തരത്തിലും അവന് കൈ വലിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അവന്‍റെ നിലവിളി കേട്ട് ആരും വന്നതുമില്ല. രക്ഷപ്പെടാനാവാതെ കുറച്ചു ദിവസങ്ങള്‍ തന്നെ അവന്‍ ആ അവസ്ഥയില്‍ നിന്നു. അവസാനം അവശനായ അവനെ ഒരു കൂട്ടം ചെന്നായ്ക്കള്‍ കടിച്ചു കീറി ഭക്ഷണമാക്കി.