24 July 2011

സന്മനസുള്ളവര്‍ക്ക് സമാധാനം

പണ്ടൊരു ഗ്രാമത്തില്‍ ശങ്കു എന്നു പേരുള്ള ഒരു കുമാരന്‍ ജീവിച്ചിരുന്നു. അവന്‍റെ മാതാപിതാക്കള്‍ അവന്‍റെ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. പൊളിഞ്ഞുവീഴാറായ അവന്‍റെ കുടിലില്‍ അവന്‍ ഏകനായി ജീവിച്ചു പോന്നു. പ്രത്യേകമായ ഒരു ജോലിയും അവന് ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ ഏല്‍പ്പിക്കുന്ന ഏതു ജോലിയും അവന്‍ ചെയ്യുമായിരുന്നു. ചിലര്‍ക്ക് ചെരിപ്പുകള്‍ നന്നാക്കിക്കൊടുത്തും ചിലര്‍ക്ക് മരപ്പണികള്‍ ചെയ്തു കൊടുത്തും ചിലര്‍ക്ക് വീടുപണികള്‍ ചെയ്തു കൊടുത്തും അവന്‍ ജീവിച്ചു പോന്നു. കിട്ടുന്ന പ്രതിഫലം കുറഞ്ഞു പോയി എന്നൊരിക്കലും ആരോടും അവന്‍ പരാതി പറഞ്ഞിരുന്നില്ല. ആളുകള്‍ അവര്‍ക്ക് തോന്നിയ പോലെ നല്‍കിയ കൂലി കൊണ്ട് അവന്‍ തൃപ്തിയടഞ്ഞിരുന്നു. കുറഞ്ഞ കൂലി കാരണം നല്ല ഭക്ഷണം കഴിക്കാനോ നല്ല വസ്ത്രം ധരിക്കാനോ അവന് സാധിച്ചില്ല. തനിക്ക് കൂലി കുറഞ്ഞാലും മറ്റുള്ളവര്‍ക്ക് നല്ലതു വരട്ടെ എന്നായിരുന്നു അവന്‍ ചിന്തിച്ചിരുന്നത്. നല്ല വസ്ത്രവും ഭക്ഷണവും ഉണ്ടാകണമെന്ന് ചിലപ്പോഴൊക്കെ ആഗ്രഹിച്ചിരുന്നെങ്കിലും അവന്‍ സന്തോഷത്തോടെ തന്നെ ജീവിച്ചു. ആഡംബരപൂര്‍ണമായ ഒരു ജീവിതം തനിക്ക് നല്‍കണമെന്ന് ദൈവത്തോട് അവന്‍ ഇടയ്ക്കിടെ പ്രാര്‍ഥിച്ചിരുന്നു.


ഒരു ദിവസം വല്ല ജോലിയും ആരെങ്കിലും ഏല്‍പ്പിക്കും എന്നു പ്രതീക്ഷിച്ച് ശങ്കു ഒരു മരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. വൈകുന്നേരം വരെ അവന് യാതൊരു ജോലിയും ലഭിച്ചില്ല. പണമില്ലാത്തത് മൂലം അന്നത്തെ ദിവസം അവന്‍ ഒന്നും കഴിച്ചിരുന്നില്ല. ഇന്നൊരു ജോലിയും കിട്ടില്ലെന്നും ഇന്ന് പട്ടിണി കിടക്കേണ്ടി വരുമെന്നും മനസില്‍ കരുതി അവന്‍ വീട്ടില്‍ പോകാനായി എണീറ്റു. അപ്പോഴതാ ഒരാള്‍ അവന്‍റെ നേരെ വരുന്നു. വന്നയാളുടെ വേഷവിധാനങ്ങള്‍ കണ്ട് അയാളൊരു അസാധാരണ മനുഷ്യനാണെന്ന് ശങ്കുവിന് തോന്നി. നീണ്ടു കൂര്‍ത്ത ഒരു തൊപ്പി അയാള്‍ തലയില്‍ വെച്ചിരുന്നു. ഭംഗിയുള്ള അയാളുടെ മേല്‍ക്കുപ്പായം അയാളുടെ മുട്ടോളം എത്തുന്നുണ്ടുയിരുന്നു. അയാളുടെ കയ്യില്‍ നീണ്ട ഒരു വടി ഉണ്ടായിരുന്നു. അയാളൊരു മാന്ത്രികനാണോ എന്ന് ശങ്കു സംശയിച്ചു. തന്‍റെ സഞ്ചിയില്‍ നിന്ന് ഒരു ജോടി പാദുകങ്ങള്‍ പുറത്തെടുത്തിട്ട് ആഗതന്‍ ശങ്കുവിനോട് പറഞ്ഞു: "എനിക്ക് ഈ പാദുകങ്ങള്‍ തുന്നി മിനുക്കിത്തരണം. നാളെ വൈകുന്നേരം ഞാന്‍ മടങ്ങിവരും. ഞാന്‍ വരുമ്പോള്‍ എല്ലാം പൂര്‍ത്തിയായിരിക്കണം." അയാള്‍ പറഞ്ഞതൊക്കെ ശങ്കു സമ്മതിച്ചപ്പോള്‍ ഒരു ചെറിയ തുക മുന്‍കൂറായി അയാള്‍ ശങ്കുവിനു നല്‍കി. ജോലി വീട്ടില്‍ വച്ച് ചെയ്യാം എന്നു കരുതി ശങ്കു പാദുകങ്ങളും എടുത്ത് വീട്ടിലേക്കു നടന്നു.





വഴിമദ്ധ്യേ വിശപ്പു കൊണ്ട് ശങ്കുവിന് തളര്‍ച്ച തോന്നി. അറിയാതെ തന്നെ അവന്‍ കയ്യിലുണ്ടായിരുന്ന പാദുകങ്ങള്‍ സ്വന്തം കാലില്‍ ധരിച്ചു. വിശപ്പ്‌ മാറ്റാന്‍ എന്തെങ്കിലും ഭക്ഷണം ലഭിക്കാന്‍ ശങ്കു ദൈവത്തോട് പ്രാര്‍ഥിച്ചു. ഭക്ഷണ ശാലയില്‍ കയറി ഭക്ഷണം കഴിക്കാന്‍ മാത്രം പണം അവന്‍റെ കൈവശമില്ല. അത്ഭുതമെന്നു പറയട്ടെ, അവന്‍ ധരിച്ച പാദുകങ്ങള്‍ അവനെ ബലമായി പട്ടണത്തിലേക്കുള്ള വഴിയില്‍ കൂടി നടത്താന്‍ തുടങ്ങി. ശങ്കുവിന് അത്ഭുതം തോന്നി. അവന്‍ പാദുകങ്ങള്‍ അഴിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാദുകങ്ങള്‍ ശങ്കുവിനെ നഗരത്തിലെ ഏറ്റവും വലിയ ഭക്ഷണ ശാലയില്‍ കൊണ്ടു പോയി അവിടെ ഇരുത്തി. ശങ്കു ഇരിക്കേണ്ട താമസം മുന്തിയ ഭക്ഷണം തന്നെ ജോലിക്കാരന്‍ അവന്‍റെ മുന്നില്‍ കൊണ്ടുവന്നുവെച്ചു. ആ വിചിത്ര മനുഷ്യന്‍ തന്ന ചെറിയ തുക മാത്രമേ തന്‍റെ കയ്യില്‍ ഉള്ളൂ എന്നോര്‍ത്ത് ശങ്കു ഭയപ്പെടുകയും ഭക്ഷണം കഴിക്കാന്‍ മടിക്കുകയും ചെയ്തു. അവന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് കണ്ട് ജോലിക്കാരന്‍ അവനോടു പറഞ്ഞു: "കഴിച്ചു കൊള്ളുക, അതിന്‍റെ വില വിചിത്രനായ ഒരാള്‍ തന്നു പോയിരിക്കുന്നു" തന്നെ പാദുകങ്ങള്‍ തുന്നാന്‍ ഏല്‍പ്പിച്ച ആ മനുഷ്യനായിരിക്കും ഭക്ഷണവില നല്‍കിയതെന്ന് ശങ്കുവിന് മനസിലായി. ഭക്ഷണം കഴിച്ചു വിശപ്പ്‌ മാറിയ ശങ്കുവിനെ ആ പാദുകങ്ങള്‍ അവന്‍റെ വീട്ടിലേക്കു നടത്തിച്ചു.


തുന്നാന്‍ ഏല്‍പ്പിക്കപ്പെട്ട പാദുകങ്ങള്‍ അസാധാരണ പാദുകങ്ങള്‍ ആണെന്ന് ശങ്കുവിന് മനസിലായി. അവന്‍ വീട്ടിലെത്തി അവയെ ഭംഗിയായി തുന്നുകയും മിനുക്കുകയും ചെയ്തു. പിറ്റേ ദിവസം ശങ്കു ആ പാദുകങ്ങളുമായി കഴിഞ്ഞ ദിവസം ഇരുന്ന മരച്ചുവട്ടില്‍ ആ വിചിത്ര മനുഷ്യനെയും തേടി ചെന്നു. കുറെ സമയം കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല. പിറ്റേ ദിവസവും അതിനടുത്ത ദിവസവുമൊക്കെ ശങ്കു അയാളെ തേടി ചെന്നെങ്കിലും അയാള്‍ വന്നില്ല. അതിനിടയില്‍ എന്തെങ്കിലും ചെറിയ ആഗ്രഹങ്ങള്‍ തോന്നുമ്പോള്‍ ആ പാദുകങ്ങള്‍ ധരിച്ചു ദൈവത്തോട് പ്രാര്‍ഥിച്ചാല്‍ ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ആ പാദുകങ്ങള്‍ വഴി കാണിക്കുമെന്ന് ശങ്കു മനസിലാക്കി. കുറെ അന്വേഷിച്ചെങ്കിലും ആ വിചിത്ര മനുഷ്യനെ കണ്ടെത്താന്‍ കഴിയാതിരുന്നപ്പോള്‍ ആ പാദുകങ്ങള്‍ തനിക്ക് ദൈവത്തില്‍ നിന്നുള്ള സമ്മാനം ആണെന്ന് ശങ്കുവിന് മനസിലായി. ആ പാദുകങ്ങളുടെ സഹായത്താല്‍ ശങ്കു പിന്നീട് സുഖമായി ജീവിച്ചു.

16 July 2011

കര്‍ഷകനും കീരിയും


ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷ്കന്‍ ഉണ്ടായിരുന്നു . അയാള്‍ക്ക് അതിവിശാലമയ ഒരു നെല്‍ വയല്‍ ഉണ്ടായിരുന്നു.മത്രമല്ല അതായിരുന്നു ഉപജീവനത്തിനു അയാളുടെ ഒരെയൊരു ഉപാധി.അതേ പാടത്തില്‍ ഒരു കീരിയും കുഞ്ഞുങ്ങളോടോപ്പം പാര്‍ത്തിരുന്നു.
ഒരിക്കല്‍ കൊയ്ത്തുകാലം സമാഗതമായിക്കൊണ്ടിരുന്നപ്പോള്‍ ,കീരി അതിന്റ് കുഞ്ഞുങ്ങളോട് പറഞു "നമ്മളെല്ലാവരും വളരെ ജാഗരൂകരായിരിക്കണം,കാരണം എത്രയുംവേഗം നമുക്കിവിടെ മനുഷ്യരുടെ സാന്നിദ്ദ്യവും തടസ്സവും ഉണ്ടാകന്‍ പൊകുകയാണ്".കുഞ്ഞുങ്ങള്‍ സമ്മതിച്ചു.
പതിവുപൊലെ കീരി അടുത്ത ദിവസം രാവിലെ പുറതേക്ക് വരുകയും. ഭക്ഷണം തിരക്കി പോകുകയും ചെയ്യ്തു .അത് തിരികെ വന്നപ്പോള്‍ കുഞ്ഞുഞ്ഞളോട് ചോദിച്ചു ."കുട്ടികളെ ! ആരെങ്കിലും ഇവിടെ വന്നിരുന്നോ ?" കുട്ടികള്‍ മറുപടി പറഞ്ഞു ."അതെ ,അമ്മേ.കര്‍ഷകനും അയാളുടെ പുത്രനും വന്നിരുന്നു .അടുത്ത ദിവസം തന്നെ അവരുടെ പാടം കൊയ്യേണ്ട സമയമായെന്നും അതുകൊണ്ട് അയല്‍ക്കാരെ ക്ഷണിക്കണമെന്നും പറഞ്ഞു ."കീരിപറഞ്ഞു ,"അങ്ങനെയെങ്ങില്‍ ,നമ്മള്‍ വിഷമിക്കേണ്ടതില്ല ." അടുത്ത ദിവസം കിരീ പതിവുപോലെ പുറത്തേക്ക് പോകുകയും വൈകുന്നേരം മടങ്ങി വരുകയും ചെയ്തു .അത് അതിന്‍റെ കുഞ്ഞുഞ്ഞളോട് ചോതിച്ചു , "ഇവിടെ ആരെങ്കിലും വന്നിരുന്നോ കുട്ടികളെ ?" കുഞ്ഞുങ്ങള്‍ ഐകകണ്ടെന പറഞ്ഞു ," അതെ, അമ്മേ ! കര്‍ഷകനും അയാളുടെ പുത്രനും ഇവിടെ വന്നിരുന്നു .അവരുടെ നെല്‍വയലോല കൊയിതുകലത്തെ കഴിഞ്ഞുപോകുക ആണെന്നും ,കൊയ്യുവാന്‍ അവരുടെ ബന്തുക്കളെ വിളിക്കണം എന്നും പറഞ്ഞു. കാരണം അവരുടെ അയല്‍വാസികള്‍ക്ക് അവര്‍ക്കുവേണ്ടി വിനിയോഗിക്കാന്‍ സമയമില്ലാ ."കിരീ പറഞ്ഞു ."അങ്ങനെയണെങ്ങില്‍ നമ്മള്‍ വിഷമിക്കേണ്ടതില്ല."
അടുത്ത ദിവസം ,കീരി ഭക്ഷനംതിരക്കി പുറത്തേക്ക് പോകുകയും ,വൈകുന്നേരം മടങ്ങിവരുകയും ചെയിതു . അത് തന്റെ കുഞ്ഞുഞ്ഞളോട് ചോതിച്ചു ,"ഓമനകളെ ! ആരെങ്കിലും ഇന്ന് വന്നിരുന്നോ?" കുഞ്ഞുങ്ങള്‍ പറഞ്ഞു ,"അതെ ,അമ്മേ ! കര്‍ഷകനും പുത്രനും വന്നിരുന്നു .ബന്ധുക്കള്‍ വരുകയില്ലെന്നും എന്നാല്‍ അവരുടെ നെല്ലുകള്‍ ചിത്തയാകാന്‍ തുടങ്ങുകയനെന്നും അവര്‍ പറയുന്നത് ഞങ്ങള്‍ ഒളിച്ചുനിന്നു കേട്ടു. അതുകൊണ്ട് അടുത്ത ദിവസം അവര്‍തന്നെ പാടം കൊയ്യും .
അമ്മ കീരി പറഞ്ഞു ,"അങ്ങനെയണെങ്ങില്‍ ഇനി നമ്മള്‍ ഇവിടെ തുടരേണ്ടതില്ല .അവര്‍ അവരുടെ വിഷയം വളരെ ഗൌരവമായി എടുത്തിരിക്കുന്നു. ഒരു വന്‍ മറ്റുള്ളവരെ ആശ്രയിക്കാതെ അവന്റെ ജോലികള്‍ ചെയിതിരുനുവെങ്കില്‍ ,എല്ലായിപ്പോഴും അത് ഫലപ്രധമായിരിക്കും അതുകൊണ്ട് നമുക്ക് എവിടെനിന്നും പോയി മറ്റൊരു സ്ഥലം കണ്ടെത്താം ." അന്നുരത്രിതന്നെ കീരി അതിന്‍റെ കുഞ്ഞുഞ്ഞലോടൊപ്പം ആ നെല്‍വയല്‍ വിട്ടുപോയി .

30 June 2011

ഉപദേശങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കുക....

ഒരിക്കല്‍ രണ്ട് ഹൃദ്രോഗികള്‍ ഒരുമിച്ച് ഒരു ട്രെയിനില്‍ കയറി. അവര്‍ പരസ്പരം പരിചയപ്പെട്ടു. രണ്ടു പേരും ഒരേ സ്ഥലത്തേക്കാണ്‌ യാത്ര. അവര്‍ തമ്മില്‍ പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു.

അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിന്നപ്പോള്‍ അവരില്‍ ഒരാള്‍ പെട്ടന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങി പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ കിതച്ചു കൊണ്ടയാള്‍ തിരികെ വരികയും ചെയ്തു. അടുത്ത സ്റേഷനിലും അതിനടുത്ത സ്റ്റേഷനില്‍നിലുമെല്ലാം അയാള്‍ ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ മറ്റേയാള്‍ കാര്യം തിരക്കി:

“നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ഓരോസ്റ്റേഷനിലും ഇറങ്ങുന്നതും പുറത്തേക്കു പോകുന്നതും പിന്നെ കിതച്ചു കൊണ്ട് തിരികെ വരുന്നതും..? നിങ്ങള്‍ ഒരു ഹൃദ്രോഗിയല്ലേ...?

“അതോ…” ....കിതപ്പടക്കിക്കൊണ്ട് അയാള്‍ പറഞ്ഞു: “അടുത്ത സ്റ്റേഷനിലേക്കുള്ള ടിക്കറ്റെടുക്കാനാണ് ഓരോ സ്റ്റേഷനിലും ഇറങ്ങുന്നത് ”

“അതെന്തിനാ അങ്ങനെ? ഞാന്‍ ചെയ്തതുപോലെ നേരിട്ട് ടിക്കറ്റ് എടുക്കാമായിരുന്നില്ലേ..?

“പക്ഷേ എനിക്കതിനു പറ്റില്ല” അയാള്‍ വിഷമത്തോടെ പറഞ്ഞു.

“ഉം… അതെന്താ?”

“ഡോക്ടര്‍ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഹൃദ്രോഗം ഉള്ളതിനാല്‍ ഒറ്റയടിക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കരുതെന്ന്.”

25 June 2011

ദൈവത്തിനോടുളള പ്രാര്‍ത്ഥന

ഒരിക്കല്‍ ഒരു നാട്ടില്‍ പാവപ്പെട്ട ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. ഭാര്യയും ഒരു പെണ്‍കുട്ടിയും ഒരു ചെറു കുടിലുമായിരുന്നു അയാളുടെ ആകെയുള്ള സാമ്പാദ്യം. രണ്ടാമതൊരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കുന്നതിനിടെ അയാളുടെ ഭാര്യ മരിച്ചു. കര്‍ഷകന്‍ ഒറ്റയ്ക്കു ആ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തി. എല്ലാ ദിവസവും അയാള്‍ പാടത്തു പോയി ജോലി ചെയ്തു. പെണ്‍മക്കളോട് അത്യധികം വാത്സല്യം ഉണ്ടായിരുന്നതുകൊണ്ട് കിട്ടുന്നതെല്ലാം അയാള്‍ അവര്‍ക്കുവേണ്ടി ചെലവഴിച്ചു. രണ്ടുപേരും വളര്‍ന്നു വലുതായപ്പോള്‍ അവരെ വിവാഹം ചെയ്തയക്കാന്‍ അയാള്‍ തീരുമാനിച്ചു. ഒരു ദിവസം അയാള്‍ ആഗ്രഹിച്ചതുപോലെതന്നെ ചെറുപ്പക്കാരനായ ഒരു കര്‍ഷകന്‍ അയാളുടെ മൂത്ത മകളെ വിവാഹം അന്വേഷിച്ചു വന്നു. അയാള്‍ അവളെ ആ യുവ കര്‍ഷകന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. രണ്ടാമത്തെ മകളെ വിവാഹം അന്വേഷിച്ചു വന്നത് ഒരു കുശവനായിരുന്നു. അധ്വാനിയായ ആ ചെറുപ്പക്കാരന് തന്നെ കര്‍ഷകന്‍ തന്‍റെ രണ്ടാമത്തെമകളെ വിവാഹം ചെയ്തു കൊടുത്തു. മക്കള്‍ രണ്ടു പേരും ഭര്‍തൃ വീടുകളിലേക്ക് പോയപ്പോള്‍ കര്‍ഷകന്‍ അയാളുടെ കുടിലില്‍ ഒറ്റക്കായി.

ഒരു ദിവസം കര്‍ഷകന്‍ തന്‍റെ രണ്ടു മക്കളെയും ചെന്നു കാണാന്‍ ആഗ്രഹിച്ചു. ആദ്യം ചെന്നത് മൂത്ത മകളുടെ വീട്ടിലേക്കായിരുന്നു. അവിടെ അവള്‍ക്ക് സുഖമാണെന്ന് കണ്ട കര്‍ഷകന് സന്തോഷം തോന്നി. തിരിച്ചു പോരാന്‍ നേരം മകള്‍ അയാളോട് തനിക്കും ഭര്‍തൃ വീട്ടുകാര്‍ക്കും എല്ലാം സുഖമാണെന്നും എന്നാല്‍ ഒരു പ്രശ്നം മാത്രം ഉണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞത് മഴക്കാലം താമസിക്കുന്നതു കൊണ്ട് അവരുടെ വിളകള്‍ വാടിപ്പോകാന്‍ തുടങ്ങുന്നു എന്നാണ്. അതു കൊണ്ട് മഴ എത്രയും പെട്ടെന്ന് പെയ്യിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാം എന്നു സമ്മതിച്ചുകൊണ്ട് അദ്ദേഹം രണ്ടാമത്തെ മകളുടെ വീട്ടിലേക്ക് പോയി.

ഇളയ മകളുടെ വീട്ടില്‍ എത്തിയ കര്‍ഷകന്‍ അവിടെ അവള്‍ വളരെ സന്തോഷവതിയാണെന്നു കണ്ടു. തിരിച്ചു പോരാന്‍ നേരം മകള്‍ കര്‍ഷകനോട് താനും മറ്റുള്ളവരും ഇവിടെ വളരെ സുഖത്തിലാണെന്നും എന്നാല്‍ ഒരു പ്രയാസം മാത്രമുണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്‌ മഴക്കാലം അടുത്തതിനാല്‍ മഴ ഉടനെ പെയ്താല്‍ തങ്ങള്‍ ഉണക്കാന്‍ വെച്ച മണ്‍ കലങ്ങളൊക്കെ നശിക്കുമെന്നായിരുന്നു. അതുകൊണ്ട് കുറേ ആഴ്ചകള്‍ക്ക് മഴ പെയ്യിക്കാതിരിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. കര്‍ഷകന്‍ സമ്മതിച്ചുകൊണ്ടു വീട്ടിലേക്കു മടങ്ങി.

തിരികെ വീട്ടിലെത്തിയ ശേഷം ഒരു പീഠത്തിലിരുന്നു കൊണ്ട് കര്‍ഷകന്‍ ചിന്തിച്ചു: മൂത്ത മകള്‍ അവളുടെ വിളകള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യണമെന്നു ആഗ്രഹിക്കുന്നു, പക്ഷേ രണ്ടാമത്തെ മകള്‍ അവളുടെ മണ്‍ കലങ്ങള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യരുതെന്നും ആഗ്രഹിക്കുന്നു. ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ ദൈവമേ. ഞാന്‍ എന്താണ് നിന്നോട് പ്രാര്‍ത്ഥിക്കേണ്ടത്? എന്താണ് ചെയ്യേണ്ടതെന്ന് ദൈവമേ നീ തന്നെ തീരുമാനിക്കൂ.ഞാന്‍ നിസ്സഹായനാണ്.

എല്ലാം ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട് അയാള്‍ സമാധാനത്തോടെ ഉറങ്ങി.....