19 September 2011

അഹങ്കാരിയുടെ അന്ത്യം

പണ്ടൊരിക്കല്‍ ഗ്രീസിലെ ഒരു ഗ്രാമത്തില്‍ ഒരു കൂലിവേലക്കാരന്‍ ജീവിച്ചിരുന്നു. കര്‍ഷകരുടെ പാടങ്ങളില്‍ ജോലി ചെയ്താണ് അയാള്‍ ജീവിച്ചിരുന്നത്. അയാള്‍ക്ക് യൂനിസ്‌ എന്നു പേരുള്ള ഒരു കൊച്ചു മകനുണ്ടായിരുന്നു. ഒരു രാജകുമാരനെ പോലെ അവനെ വളര്‍ത്തണമെന്ന് അയാള്‍ ആഗ്രഹിച്ചെങ്കിലും കിട്ടുന്ന ചെറിയ കൂലി കൊണ്ട് പലപ്പോഴും അയാള്‍ക്ക് അതിന് സാധിച്ചില്ല. എങ്കിലും തന്നാലാകുന്ന വിധം നല്ല ഭക്ഷണവും വസ്ത്രവുമൊക്കെ നല്‍കി അയാള്‍ അവനെ വളര്‍ത്തി.

കാലങ്ങള്‍ മാറിമാറി വന്നു. നിരന്തരമായ അദ്ധ്വാനം മൂലം കൂലിവേലക്കാരന്‍ ക്ഷീണിച്ചു രോഗിയായി മാറി. ഒരു ദിവസം ജോലിക്ക് പോകാന്‍ കഴിയാതെ അയാള്‍ കിടപ്പിലുമായി. അപ്പോഴേക്കും യൂനിസ്‌ യുവത്വത്തിലേക്ക് കടന്നിരുന്നു. കുടുംബം പുലര്‍ത്താന്‍ അവന്‍ ജോലി അന്വേഷിച്ചു. നല്ലൊരു ഗുസ്തിക്കാരന്‍ ആകുക എന്നതായിരുന്നു അവന്‍റെ ജീവിതാഭിലാഷം. പക്ഷെ ഒരു തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള അവന് അന്നത്തെ നിയമം അത് വിലക്കിയിരുന്നു.

വിറക് വില്‍പനയാണ് യൂനിസ്‌ തന്‍റെ ഉപജീവന മാര്‍ഗമായി സ്വീകരിച്ചത്. എല്ലാ ദിവസവും രാവിലെ അവ൯ കാട്ടില്‍ പോയി വിറക് ശേഖരിച്ച് അത് ചുമന്ന് ചന്തയില്‍ കൊണ്ടുവന്ന് വില്‍പന നടത്തി. വിറക് വില്‍പനയോടൊപ്പം കാട്ടില്‍ വെച്ച് അവന്‍ സ്വന്തമായി ഗുസ്തി പരിശീലനവും നടത്തിയിരുന്നു. അദ്ധ്വാനമുള്ള ജോലിയും നല്ല ഭക്ഷണവും പരിശീലനവും മൂലം യൂനിസിന് വളരെ ബലവത്തായ ഒരു ശരീരമുണ്ടായി. അതോടൊപ്പം അവന്‍ ഒന്നാന്തരം ഒരു ഗുസ്തിക്കാരനുമായി. തന്‍റെ ശരീര ഘടനയിലും ശക്തിയിലും യൂനിസിന് അമിതമായ മതിപ്പും അഹങ്കാരവും തോന്നാന്‍ തുടങ്ങി.

ഒരിക്കല്‍ യൂനിസ് ഒളിമ്പിക്സിനെ പറ്റി അറിയാ൯ ഇടയായി. ഒളിമ്പിക്സിലെ ഗുസ്തി മല്‍സരത്തില്‍ ഒരു കൈ നോക്കാന്‍ അവന് അതിയായ ആഗ്രഹം തോന്നി. ഒരു തൊഴിലാളിക്ക് അത് വിലക്കപ്പെട്ടതായിരുന്നെങ്കിലും രാജാവിന്‍റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിന്‍റെ എല്ലാ ഗുസ്തിക്കാരെയും അവന്‍ വെല്ലുവിളിച്ചു. എല്ലാവരെയും തോല്‍പ്പിച്ച് അവന്‍ രാജാവിന് തന്‍റെ ശക്തി തെളിയിച്ചു കൊടുത്തു. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ രാജാവ് അവന് അനുവാദം നല്‍കുകയും ചെയ്തു. ഒളിമ്പിക്സില്‍ പങ്കെടുത്ത യൂനിസ് അവന്‍റെ എതിരാളികളെയെല്ലാം പരാജയപ്പെടുത്തി. ഓരോ വിജയങ്ങളും അവന്‍റെ അഹങ്കാരം വര്‍ദ്ധിപ്പിച്ചു.

ഗുസ്തിക്ക് പുറമെ യൂനിസ്‌ കാളപ്പോരിലും പങ്കെടുക്കാന്‍ തുടങ്ങി. ഗുസ്തിക്കാരെ പരാജയപ്പെടുത്തുന്ന പോലെ അവന്‍ കാളകളെയും പരാജയപ്പെടുത്തി. കാളയെ തോല്‍പ്പിക്കുന്നതില്‍ മാത്രം യൂനിസ്‌ നിര്‍ത്തിയില്ല. തോല്‍പ്പിച്ച കാളകളെ തന്‍റെ കൈക്കരുത്തു കൊണ്ട് അവന്‍ ക്രൂരമായി കൊല്ലുകയും അവയുടെ ശരീരം വലിച്ചു കീറി മത്സരക്കളത്തില്‍ വെച്ച് തന്നെ കാളമാംസം ഭക്ഷിക്കുകയും ചെയ്തു. ഇതു കണ്ട ചില ജ്ഞാനികള്‍ക്ക് വെറുപ്പു തോന്നിയെങ്കിലും ഭൂരിഭാഗം കാണികളും അവന്‍റെ ശക്തിയില്‍ അത്ഭുതപ്പെട്ട് കരഘോഷം മുഴക്കി.

ജനങ്ങളുടെ പ്രോല്‍സാഹനവും തുടര്‍ച്ചയായ വിജയങ്ങളും യൂനിസിനെ ഒരു തികഞ്ഞ അഹങ്കാരിയും ധിക്കാരിയുമാക്കി. അവന്‍ നാട്ടുകാരെ പോരിനു വെല്ലുവിളിക്കാനും അതിനു സന്നദ്ധമാകാത്തവരുടെ മെക്കിട്ടു കേറാനും തുടങ്ങി. നാട്ടുകാര്‍ക്ക് അവനൊരു പേടി സ്വപ്നമായി മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. നാള്‍ ചെല്ലുന്തോറും യൂനിസിന്‍റെ അക്രമം വര്‍ദ്ധിക്കുകയും അവന്‍ തന്‍റെ വെറും കൈകൊണ്ട് തന്നെ ചിലരെ കൊലപ്പെടുത്തുകയും ചെയ്തു. നാട്ടുകാര്‍ അവനെക്കൊണ്ട് പൊറുതിമുട്ടി. ഒരുകാലത്ത് അവനെ സ്നേഹിച്ചിരുന്ന ജനങ്ങള്‍ അവന്‍റെ ശത്രുക്കളാകുകയും അവന്‍റെ അന്ത്യം കാണാ൯ ആഗ്രഹിക്കുകയും ചെയ്തു.

ഒരു ദിവസം യൂനിസ് കാട്ടിലൂടെ നടക്കുകയായിരുന്നു. ഒരിടത്ത് പകുതി മുറിക്കപ്പെട്ട ഒരു മരം നില്‍ക്കുന്നത് അവ൯ കണ്ടു. ആ മരത്തിന്‍റെ പിളര്‍പ്പില്‍ ഒരു ആപ്പ് കയറ്റി വെക്കപ്പെട്ടിരുന്നു. അത് കണ്ടപ്പോള്‍ അവന് കൌതുകം തോന്നി. ഒറ്റയിടിക്ക് ആ ആപ്പ് തെറിപ്പിച്ചു കളയാന്‍ അവന് തോന്നി. വളരെ ശക്തമായി അവ൯ ആപ്പിന്മേല്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആപ്പ് തെറിച്ചു പോയി. പക്ഷെ ആപ്പിനു പകരം യൂനിസിന്‍റെ കൈ മരത്തിന്‍റെ പിളര്‍പ്പില്‍ അകപ്പെട്ടു. വേദന കൊണ്ട് അവന്‍ നിലവിളിച്ചു. ഒരു തരത്തിലും അവന് കൈ വലിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അവന്‍റെ നിലവിളി കേട്ട് ആരും വന്നതുമില്ല. രക്ഷപ്പെടാനാവാതെ കുറച്ചു ദിവസങ്ങള്‍ തന്നെ അവന്‍ ആ അവസ്ഥയില്‍ നിന്നു. അവസാനം അവശനായ അവനെ ഒരു കൂട്ടം ചെന്നായ്ക്കള്‍ കടിച്ചു കീറി ഭക്ഷണമാക്കി.