22 December 2011

എന്റെ കല്യാണം...

  പ്രിയ കൂട്ടുകാരെ.....അടുത്ത മാസം ഒന്നിന്(ജനുവരി) എന്റെ കല്യാണമാണ്.ഇനി ഇവിടെ ഞാനുണ്ടാവില്ല. ഇത് ഈ ബ്ലോഗിലുള്ള എന്റെ ലാസ്റ്റ്‌ പോസ്റ്റ്‌ ആണ്.ഇവിടെ എന്റെ കഥകള്‍ വായിക്കുകയും ആത്മാര്‍ഥതയോടെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത എന്റെ നല്ലവരായ ചേട്ടന്‍മാര്‍ക്കും ഇക്കമാര്‍ക്കും ചെച്ചിമാര്‍ക്കും ഇതാമാര്‍ക്കും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു....നിങ്ങളെയൊക്കെ എന്നും ഞാന്‍ ഓര്‍മിക്കും....നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയും അനുഗ്രഹം ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.....

9 December 2011

ദുര്‍മന്ത്രവാദിയും രാജകുമാരിയും

പണ്ട് പണ്ട് ഒരു രാജ്യത്തു വളരെ സുന്ദരിയായ ഒരു രാജകുമാരി ഉണ്ടായിരുന്നു.രാജകുമാരിയുടെ അത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടി രാജ്യത്തിനകത്തോ പുറത്തോ ഉണ്ടായിരുന്നില്ല. സൗന്ദര്യത്തില്‍ ചുറ്റുമുള്ള എല്ലാ പെണ്‍കുട്ടികളെയും അവള്‍ കടത്തി വെട്ടി.ഉയര്‍ന്നു മെലിഞ്ഞവള്‍ ആയിരുന്നു അവള്‍.അവളുടെ സ്വര്‍ണ്ണത്തലമുടി അരക്കെട്ടോളം ചുരുണ്ട് കിടന്നിരുന്നു.എന്ന് മാത്രമല്ല വളരെ തിളക്കമുള്ളതും ആയിരുന്നു.വെളുത്ത നിറം അവളുടെ സൗന്ദര്യത്തിന് ഒരു ശാലീനത നല്‍കിയിരുന്നു.അവള്‍ നടക്കുമ്പോള്‍ കാഴ്ച്ചകാര്‍ക്ക് കുളത്തില്‍ അരയന്നം നീന്തുന്നതുപോലെ തോന്നുമായിരുന്നു.അവളുടെ സൗന്ദര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലപിടിച്ച അവളുടെ വസ്ത്രങ്ങള്‍ ഒന്നുമായിരുന്നില്ല.രാജ്യത്തിലെ എല്ലാ യുവാക്കളുടെയും സ്വപ്നമായിരുന്നുഅവള്‍.

ഒരിക്കല്‍ രാജകുമാരി പൂന്തോട്ടത്തില്‍ ഉലാത്തുകയായിരുന്നു.ആ വൈകുന്നേരം അവള്‍ ഒറ്റക്കായിരുന്നു.സ്വകാര്യതയില്‍നിന്നും തോഴിമാരെ മാറ്റിനിറുത്തുന്ന കാര്യത്തില്‍ വളരെ പ്രത്യേകതയുള്ളവളായിരുന്നു.അവള്‍ പൂന്തോട്ടത്തില്‍ നില്‍ക്കുന്ന സമയം ഒരു മന്ത്രവാദി അവളെ കാണുവാനിടയായി.അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോയ അയാള്‍ അവളെ തട്ടിക്കൊണ്ടുപോകുവാന്‍ തീരുമാനിച്ചു.അയാള്‍ പൂന്തോട്ടത്തിന്‍റെ ചുറ്റുമതില്‍ ചാടിക്കടന്ന് രാജകുമാരിയുടെ മേലില്‍ ഏതോ മാന്ത്രികപ്പൊടി വിതറി.ഉടന്‍തന്നെ അവള്‍ ഒരു മുയലായിമാറി. അയാള്‍ അതിനെ ചെവിയില്‍ തൂക്കിയെടുത്ത് ഒരു തുണിസഞ്ചിയില്‍ ഇട്ട് അവിടെനിന്നും വളരെ വേഗം നടന്നുപോയി.

മകളുടെ നഷ്ടത്തില്‍ രാജാവ് അത്യധികം ദുഖിതനായിത്തീ൪ന്നു.രാജകുമാരിയെ അന്വേഷിച്ചു അദ്ദേഹത്തിന്‍റെ ആളുകള്‍ രാജ്യത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും അലഞ്ഞുനടന്നു.പക്ഷേ എല്ലാ ശ്രമവും നിര൪ത്ഥകമായിരുന്നു.ഒടുവില്‍ അവളെ കണ്ടെത്തുന്ന ആളിന്‌ അവളെ വിവാഹം ചെയ്തുകൊടുക്കും എന്ന് രാജാവ് ഒരു വിളംബരം ചെയ്തു. അതോടൊപ്പംതന്നെ രാജ്യത്തിന്‍റെ പകുതിയും അദ്ദേഹം വാഗ്ദാനം ചെയ്തു.ധാരാളം യുവാക്കള്‍ രാജകുമാരിയെ വിവാഹം ചെയ്യാം എന്ന മോഹവുമായി മുന്നോട്ടു വന്നു.എന്നാല്‍ അവരെല്ലാവരും അവളെ കണ്ടെത്തുന്ന കാര്യത്തില്‍ പരാജയപ്പെടുകയും ചെയ്തു.

രാജകുമാരിയുടെ തിരോധാനത്തെപ്പറ്റി അയല്‍ രാജ്യത്തെ രാജകുമാരന്‍ അറിയാനിടയായി.ഒരു വെള്ളക്കുതിരയെ ഓടിച്ച് അയാള്‍ കൊട്ടാരത്തിലെത്തി.അയാള്‍ക്ക്‌ രാജാവില്‍നിന്നും അനുമതി ലഭിക്കുകയും, കുതിരയെ ഓടിച്ച് പോകുകയും ചെയ്തു.
ഇരുട്ടിയപ്പോള്‍, രാജകുമാരന്‍ ഒരു കാട്ടിലെത്തിച്ചേര്‍ന്നു.ആ സ്ഥലത്തിനടുത്തെവിടെയെങ്കിലും വിശ്രമിക്കാമെന്ന് അയാള്‍ കരുതി.ഒരു വലിയ കുന്നിന്‍റെ ചുവട്ടില്‍ അയാള്‍ ഒരു ചെറിയ ഗുഹ കണ്ടു.അയാള്‍ ഗുഹയിലേക്ക് കുതിരയെ തെളിച്ചു.കുതിരപ്പുറത്തുനിന്നും രാജകുമാരന്‍ താഴെയിറങ്ങി, കൈയില്‍ ഒരു പന്തം പിടിച്ചുകൊണ്ട് ആ ഗുഹയുടെ ഉള്ളിലേക്ക് അയാള്‍ നടന്നു.ഗുഹയുടെ ഇരുവശങ്ങളിലും അറകള്‍കണ്ട്‌ അയാള്‍ അത്ഭുതപെട്ടു.കൂടുതല്‍ കൂടുതല്‍ അയാള്‍ ഉള്ളിലേക്ക് പോയി.ഒടുവില്‍ അയാള്‍ അവസാനത്തെ അറയെ സമീപിച്ചു.അതിനുള്ളിലേക്ക്‌ എത്തി നോക്കിയപ്പോള്‍ അയാളോട് ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ഓടി പൊയ് ‌ക്കൊള്ളുവാന്‍ ആ മുയല്‍ പറഞ്ഞു.അല്ലായെങ്കില്‍ ദുര്‍മന്ത്രവാദി അയാളെ കൊല്ലുമെന്നും പറഞ്ഞു.അത് രാജകുമാരിയാണെന്നും, എന്താണ് സംഭവിച്ചതെന്നും പറഞ്ഞു.

ദുര്‍മന്ത്രവാദിയുടെ ജീവന്‍ ഏഴ് മലകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന ഒരു വിശിഷ്ട ആപ്പിളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും, അതിനാല്‍ അയാളെ കൊല്ലുക എളുപ്പമല്ലെന്നും രാജകുമാരി പറഞ്ഞു. എന്നാല്‍ രാജകുമാരന്‍ അയാളുടെ തീരുമാനത്തില്‍ വളരെ സുദൃഢനായിരുന്നതുകൊണ്ട് ആ ആപ്പിള്‍ അന്വേഷിച്ചു പുറപ്പെട്ടു.ഒടുവില്‍, ധാരാളം വിഷമതകളെ തരണം ചെയ്ത് ആപ്പിള്‍ മരം അയാള്‍ കണ്ടെത്തുകയും, ആപ്പിള്‍ പാറിച്ചെടുക്കുകയും ചെയ്തു.അയാള്‍ അതിനെ ഗുഹയില്‍ കൊണ്ടുവന്ന്‌ മന്ത്രവാദിയുടെ സാന്നിദ്ധ്യത്തില്‍ പൊട്ടിച്ചു.അപ്പോള്‍ തന്നെ നീചനായ ആ മന്ത്രവാദി മരിച്ചുവീണു.രാജകുമാരന്‍ ആ അറയില്‍നിന്നും രക്ഷപ്പെടുത്തുകയും, മന്ത്രവാദി മരിച്ചപ്പോള്‍ അവള്‍ക്കു അവളുടെ യദാര്‍ത്ഥ രൂപം തിരിച്ചു കിട്ടുകയും ചെയ്തു.ഒരുമിച്ച് അവര്‍ കൊട്ടാരത്തിലേക്ക് തിരിച്ചെത്തുകയും, രാജാവ് തന്‍റെ വാക്ക് പാലിക്കുകയും ചെയ്തു.