24 July 2011

സന്മനസുള്ളവര്‍ക്ക് സമാധാനം

പണ്ടൊരു ഗ്രാമത്തില്‍ ശങ്കു എന്നു പേരുള്ള ഒരു കുമാരന്‍ ജീവിച്ചിരുന്നു. അവന്‍റെ മാതാപിതാക്കള്‍ അവന്‍റെ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. പൊളിഞ്ഞുവീഴാറായ അവന്‍റെ കുടിലില്‍ അവന്‍ ഏകനായി ജീവിച്ചു പോന്നു. പ്രത്യേകമായ ഒരു ജോലിയും അവന് ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ ഏല്‍പ്പിക്കുന്ന ഏതു ജോലിയും അവന്‍ ചെയ്യുമായിരുന്നു. ചിലര്‍ക്ക് ചെരിപ്പുകള്‍ നന്നാക്കിക്കൊടുത്തും ചിലര്‍ക്ക് മരപ്പണികള്‍ ചെയ്തു കൊടുത്തും ചിലര്‍ക്ക് വീടുപണികള്‍ ചെയ്തു കൊടുത്തും അവന്‍ ജീവിച്ചു പോന്നു. കിട്ടുന്ന പ്രതിഫലം കുറഞ്ഞു പോയി എന്നൊരിക്കലും ആരോടും അവന്‍ പരാതി പറഞ്ഞിരുന്നില്ല. ആളുകള്‍ അവര്‍ക്ക് തോന്നിയ പോലെ നല്‍കിയ കൂലി കൊണ്ട് അവന്‍ തൃപ്തിയടഞ്ഞിരുന്നു. കുറഞ്ഞ കൂലി കാരണം നല്ല ഭക്ഷണം കഴിക്കാനോ നല്ല വസ്ത്രം ധരിക്കാനോ അവന് സാധിച്ചില്ല. തനിക്ക് കൂലി കുറഞ്ഞാലും മറ്റുള്ളവര്‍ക്ക് നല്ലതു വരട്ടെ എന്നായിരുന്നു അവന്‍ ചിന്തിച്ചിരുന്നത്. നല്ല വസ്ത്രവും ഭക്ഷണവും ഉണ്ടാകണമെന്ന് ചിലപ്പോഴൊക്കെ ആഗ്രഹിച്ചിരുന്നെങ്കിലും അവന്‍ സന്തോഷത്തോടെ തന്നെ ജീവിച്ചു. ആഡംബരപൂര്‍ണമായ ഒരു ജീവിതം തനിക്ക് നല്‍കണമെന്ന് ദൈവത്തോട് അവന്‍ ഇടയ്ക്കിടെ പ്രാര്‍ഥിച്ചിരുന്നു.


ഒരു ദിവസം വല്ല ജോലിയും ആരെങ്കിലും ഏല്‍പ്പിക്കും എന്നു പ്രതീക്ഷിച്ച് ശങ്കു ഒരു മരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. വൈകുന്നേരം വരെ അവന് യാതൊരു ജോലിയും ലഭിച്ചില്ല. പണമില്ലാത്തത് മൂലം അന്നത്തെ ദിവസം അവന്‍ ഒന്നും കഴിച്ചിരുന്നില്ല. ഇന്നൊരു ജോലിയും കിട്ടില്ലെന്നും ഇന്ന് പട്ടിണി കിടക്കേണ്ടി വരുമെന്നും മനസില്‍ കരുതി അവന്‍ വീട്ടില്‍ പോകാനായി എണീറ്റു. അപ്പോഴതാ ഒരാള്‍ അവന്‍റെ നേരെ വരുന്നു. വന്നയാളുടെ വേഷവിധാനങ്ങള്‍ കണ്ട് അയാളൊരു അസാധാരണ മനുഷ്യനാണെന്ന് ശങ്കുവിന് തോന്നി. നീണ്ടു കൂര്‍ത്ത ഒരു തൊപ്പി അയാള്‍ തലയില്‍ വെച്ചിരുന്നു. ഭംഗിയുള്ള അയാളുടെ മേല്‍ക്കുപ്പായം അയാളുടെ മുട്ടോളം എത്തുന്നുണ്ടുയിരുന്നു. അയാളുടെ കയ്യില്‍ നീണ്ട ഒരു വടി ഉണ്ടായിരുന്നു. അയാളൊരു മാന്ത്രികനാണോ എന്ന് ശങ്കു സംശയിച്ചു. തന്‍റെ സഞ്ചിയില്‍ നിന്ന് ഒരു ജോടി പാദുകങ്ങള്‍ പുറത്തെടുത്തിട്ട് ആഗതന്‍ ശങ്കുവിനോട് പറഞ്ഞു: "എനിക്ക് ഈ പാദുകങ്ങള്‍ തുന്നി മിനുക്കിത്തരണം. നാളെ വൈകുന്നേരം ഞാന്‍ മടങ്ങിവരും. ഞാന്‍ വരുമ്പോള്‍ എല്ലാം പൂര്‍ത്തിയായിരിക്കണം." അയാള്‍ പറഞ്ഞതൊക്കെ ശങ്കു സമ്മതിച്ചപ്പോള്‍ ഒരു ചെറിയ തുക മുന്‍കൂറായി അയാള്‍ ശങ്കുവിനു നല്‍കി. ജോലി വീട്ടില്‍ വച്ച് ചെയ്യാം എന്നു കരുതി ശങ്കു പാദുകങ്ങളും എടുത്ത് വീട്ടിലേക്കു നടന്നു.





വഴിമദ്ധ്യേ വിശപ്പു കൊണ്ട് ശങ്കുവിന് തളര്‍ച്ച തോന്നി. അറിയാതെ തന്നെ അവന്‍ കയ്യിലുണ്ടായിരുന്ന പാദുകങ്ങള്‍ സ്വന്തം കാലില്‍ ധരിച്ചു. വിശപ്പ്‌ മാറ്റാന്‍ എന്തെങ്കിലും ഭക്ഷണം ലഭിക്കാന്‍ ശങ്കു ദൈവത്തോട് പ്രാര്‍ഥിച്ചു. ഭക്ഷണ ശാലയില്‍ കയറി ഭക്ഷണം കഴിക്കാന്‍ മാത്രം പണം അവന്‍റെ കൈവശമില്ല. അത്ഭുതമെന്നു പറയട്ടെ, അവന്‍ ധരിച്ച പാദുകങ്ങള്‍ അവനെ ബലമായി പട്ടണത്തിലേക്കുള്ള വഴിയില്‍ കൂടി നടത്താന്‍ തുടങ്ങി. ശങ്കുവിന് അത്ഭുതം തോന്നി. അവന്‍ പാദുകങ്ങള്‍ അഴിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാദുകങ്ങള്‍ ശങ്കുവിനെ നഗരത്തിലെ ഏറ്റവും വലിയ ഭക്ഷണ ശാലയില്‍ കൊണ്ടു പോയി അവിടെ ഇരുത്തി. ശങ്കു ഇരിക്കേണ്ട താമസം മുന്തിയ ഭക്ഷണം തന്നെ ജോലിക്കാരന്‍ അവന്‍റെ മുന്നില്‍ കൊണ്ടുവന്നുവെച്ചു. ആ വിചിത്ര മനുഷ്യന്‍ തന്ന ചെറിയ തുക മാത്രമേ തന്‍റെ കയ്യില്‍ ഉള്ളൂ എന്നോര്‍ത്ത് ശങ്കു ഭയപ്പെടുകയും ഭക്ഷണം കഴിക്കാന്‍ മടിക്കുകയും ചെയ്തു. അവന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് കണ്ട് ജോലിക്കാരന്‍ അവനോടു പറഞ്ഞു: "കഴിച്ചു കൊള്ളുക, അതിന്‍റെ വില വിചിത്രനായ ഒരാള്‍ തന്നു പോയിരിക്കുന്നു" തന്നെ പാദുകങ്ങള്‍ തുന്നാന്‍ ഏല്‍പ്പിച്ച ആ മനുഷ്യനായിരിക്കും ഭക്ഷണവില നല്‍കിയതെന്ന് ശങ്കുവിന് മനസിലായി. ഭക്ഷണം കഴിച്ചു വിശപ്പ്‌ മാറിയ ശങ്കുവിനെ ആ പാദുകങ്ങള്‍ അവന്‍റെ വീട്ടിലേക്കു നടത്തിച്ചു.


തുന്നാന്‍ ഏല്‍പ്പിക്കപ്പെട്ട പാദുകങ്ങള്‍ അസാധാരണ പാദുകങ്ങള്‍ ആണെന്ന് ശങ്കുവിന് മനസിലായി. അവന്‍ വീട്ടിലെത്തി അവയെ ഭംഗിയായി തുന്നുകയും മിനുക്കുകയും ചെയ്തു. പിറ്റേ ദിവസം ശങ്കു ആ പാദുകങ്ങളുമായി കഴിഞ്ഞ ദിവസം ഇരുന്ന മരച്ചുവട്ടില്‍ ആ വിചിത്ര മനുഷ്യനെയും തേടി ചെന്നു. കുറെ സമയം കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല. പിറ്റേ ദിവസവും അതിനടുത്ത ദിവസവുമൊക്കെ ശങ്കു അയാളെ തേടി ചെന്നെങ്കിലും അയാള്‍ വന്നില്ല. അതിനിടയില്‍ എന്തെങ്കിലും ചെറിയ ആഗ്രഹങ്ങള്‍ തോന്നുമ്പോള്‍ ആ പാദുകങ്ങള്‍ ധരിച്ചു ദൈവത്തോട് പ്രാര്‍ഥിച്ചാല്‍ ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ആ പാദുകങ്ങള്‍ വഴി കാണിക്കുമെന്ന് ശങ്കു മനസിലാക്കി. കുറെ അന്വേഷിച്ചെങ്കിലും ആ വിചിത്ര മനുഷ്യനെ കണ്ടെത്താന്‍ കഴിയാതിരുന്നപ്പോള്‍ ആ പാദുകങ്ങള്‍ തനിക്ക് ദൈവത്തില്‍ നിന്നുള്ള സമ്മാനം ആണെന്ന് ശങ്കുവിന് മനസിലായി. ആ പാദുകങ്ങളുടെ സഹായത്താല്‍ ശങ്കു പിന്നീട് സുഖമായി ജീവിച്ചു.

19 comments:

  1. ഈ ബ്ലോഗും ബ്ലോഗിലെ സൃഷ്ടികളും സൈബര്‍ ബാലസാഹിത്യത്തിനു ഒരു മുതല്‍കൂട്ടാവട്ടെ എന്നാശംസിക്കുന്നു.....

    ReplyDelete
  2. കുഞ്ഞികഥ ഇഷ്ടായി ട്ടോ

    ReplyDelete
  3. കുഞ്ഞിക്കഥ എന്റെ കുഞ്ഞിന് വായിച്ചുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്.... ഇഷ്ടമായോ എന്ന് ചോദിച്ചിട്ട് പറയാം.... ഇഷ്ടമാകും അവള്‍ക്ക് ..

    ReplyDelete
  4. ഈ കഥ എഡിറ്റ് ചെയ്തു നല്ല രീതിയില്‍ രൂപപെടുത്തിയ അന്‍സാര്‍ അലി ഇക്കയോടുള്ള എന്റെ നന്നിയും കടപ്പാടും ഇവിടെ രേഖപെടുത്തുന്നു.

    ReplyDelete
  5. തൃശൂര്‍കാരന്‍.....ഇഷ്ട്ടപെട്ടത്തില്‍ വളരെ സന്തോഷം.

    ReplyDelete
  6. ഹാഷിക്ക്...വളരെയധികം നന്ദി.കുഞ്ഞുമോളോട് എന്റെ അന്വേഷണം പറയണേ....

    ReplyDelete
  7. നന്മ്മയുള്ള മനസ്സുകളെ ദൈവം ഒരിക്കലും കൈവെടിയില്ല...നല്ലൊരു കഥ നന്നായിട്ടുണ്ട് റിന്ഷകുട്ടി....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. കഥ കൊള്ളാം
    പക്ഷെ ഹ ഹ ഹ ഹ
    എപ്പോഴും നിങ്ങളുടെ കഥാ നായകന്മാര്‍ ഒരു തെറ്റും ചെയ്യാതവരാണ് അല്ലേ
    ഒന്ന് മാറ്റി ചിന്തിക്

    ReplyDelete
  10. നല്ല കഥയായിരിക്കുന്നു.. ആശംസകള്‍..

    ReplyDelete
  11. പതിവ് പോലെ തന്നെ നല്ല ഗുണപാടത്തോടെ ഉള്ള കുഞ്ഞു കഥ നന്നായിരിക്കുന്നു

    ReplyDelete
  12. ഉന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
    താഴെ ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം

    ReplyDelete
  13. ഈ കഥയും മേള്‍ക്ക് പറഞ്ഞു കൊടുക്കണം.
    ഞാന്‍ ഇവിടുത്തെ ഒരു സ്ഥിരം വായനക്കാരന്‍ ആയിരികക്കുന്നു.

    ReplyDelete
  14. മോളുടെ കുഞ്ഞു കഥ ഇഷ്ടായി..ബാലരമയിലും ബാലമംഗളത്തിലും വരുന്ന ഇത് പോലത്തെ കഥകള്‍ എനിക്ക് ഭയങ്കര ഇഷ്ടായിരുന്നു. മുതിര്‍ന്നപ്പോള്‍ അതൊന്നും വായിക്കാന്‍ പറ്റാറില്ല. ഇനിമുതല്‍ മോളുടെ കഥകള്‍ വായിച്ചു ആ സങ്കടം മാറ്റാലോ !

    ReplyDelete
  15. കഥ നന്നായിട്ടുണ്ട് ട്ടോ ..കൂടുതല്‍ വായനക്കാര്‍ വരട്ടെ ..:)

    ReplyDelete
  16. മേന്മയുള്ള കഥയാണ് .ഇതുപോലെരു പാദുകം ഈ പാവപ്പെട്ടവനും കിട്ടിയിരുന്നെങ്കിൽ ...

    ReplyDelete
  17. നല്ലൊരു കുട്ടി കഥ.

    ReplyDelete
  18. നല്ല കഥ.ഇഷ്ടപ്പെട്ടു.

    ReplyDelete